Saturday, 23 August 2014

-

---വർഗം ---
നിൻറെ മക്കളെ പെറ്റു പോറ്റുന്നുവെങ്കിലും
നമ്മുക്കിടയിൽ ഇണ ചേരാതെ
ഇപ്പോഴും എന്തോ ബാക്കിയാണ് !!!
ക്രിക്കെറ്റ് കളി നടക്കുമ്പോഴും
അതിർത്തി തർക്കം മുറുകുമ്പോഴും
നീ ഇപ്പോഴും എൻറെ
അയൽരാജ്യമാവുന്നതു അതുകൊണ്ടാവണം ..!!!

Monday, 16 June 2014

                        ---ഒറ്റ മൈന ---

അറിഞ്ഞു കൊണ്ട് പിന്നേം പിന്നേം
നീ മുന്നിൽ പറന്നു വരരുത് ..
വയ്യ ;ഇനിയും എന്റെ തോൽവികളുടെ
ഭാണ്ഡം നിന്റെ മേൽ കെട്ടി വെക്കാൻ ...

Tuesday, 18 February 2014

    ---വഴികൾ---

നേരെ നടക്കുക ..തിരിഞ്ഞു നോക്കരുത് ...
സംസാരിക്കുന്ന വഴികളാണ് മുന്നിൽ..
ശ്രദ്ധിച്ചു കേൾക്കുക, ആരോ എന്തോ പറയുന്നുണ്ട് ...
ഓരോ ചെറിയ കാറ്റിലും ഒരായിരം നാവുകൾ
അലറിക്കരയുന്നുണ്ട്..
ഓരോ വളവിലും വഴി പിഴച്ചതിന്റെ
ചുവപ്പുണ്ട്..
നാലും കൂടിയ വഴികളിൽ ചതിയുടെ
കറുപ്പുണ്ട്‌ ...
തണൽ മരങ്ങളുടെ ചോട്ടിൽ
അമ്മയുടെ ചൂടുണ്ട് ..
കറുത്തും വെളുത്തും
ഇരുണ്ടും തെളിഞ്ഞും
വഴികൾ ഇനിയും ബാക്കിയാണ് ..
നേരെ നടക്കുക ,
നിനക്ക് വിശ്രമിക്കാൻ അർഹത പോര , കുഞ്ഞേ ..  

Wednesday, 13 November 2013

---കൂട്---

ഒരു രാത്രി കൂടി തരികെനിക്ക് -
നിന്‍റെ നോവിന്‍റെ ചില്ലയില്‍

ഒരിക്കല്‍ കൂടി
എനിക്കെന്‍റെ ഹൃദയം
കൊരുത്തിടാന്‍...................... ...

മരണം
-----------
അവസാനത്തെ കരുവിന്‍റെ
സംരക്ഷണവും അവസാനിച്ചു ,
പ്രിയപ്പെട്ട രാജാവേ!
ഇനി കീഴടങ്ങുക ...

Wednesday, 30 October 2013

-----ലിപി -----

"തലയിലെഴുത്തിന്റെ ലിപി  എന്താണു മാഷേ ?"
ക്ലാസ്സ്മുറിയിൽ  പണ്ടൊരു ശിഷ്യൻ
എന്നെ  ഇരുത്തിയ  ചോദ്യം ......
കഷണ്ടി  കരണ്ടു  തീർത്ത  തലയിൽ
എത്ര  അമർത്തി  തടവി  നോക്കീട്ടും
ഇന്നോളം  ഞാൻ  പഠിക്കാത്ത ലിപിയത് ...
കുഞ്ഞേ , നിന്റെ  ചോദ്യത്തിന്റെത്  ഉത്തരമില്ലാത്ത  ഭാഷയാണല്ലോ !!!

Tuesday, 29 October 2013

---കാന്താരി---
നീ തന്ന കണ്ണീരോളം
ആസ്വദിച്ചിട്ടില്ല
ഞാൻ പിന്നിന്നോളം
വേറൊരു രുചിയും .!!!